അന്നും മഴ പെയ്തിരുന്നു...ഹൃദയത്തോടു ചേര്‍ത്തുവച്ച ആ ഓര്‍മകളില്‍ .. ഒരു തണുത്ത വിരല്‍സ്പര്‍ശം പോലെ..കുളിരാര്‍ന്ന തലോടല്‍ പോലെ.. എന്നെന്നും പുതുമ നിലനിര്‍ത്തുവാന്‍ ... മഴ.......പെയ്തുകൊണ്ടേയിരിക്കുന്നു...

Sunday, June 27, 2021

ഗണപതിസ്തുതി



മിക്കുന്നേന്‍ ഹൃദയത്തിൽ വിളങ്ങീടും ഗജമുഖ-

ഭഗവൽ നിൻ തിരുപാദം തൊഴുതിടുന്നേൻ..

നറുതിരി വിളക്കൊളി തെളിക്കേ നിൻ മുഖപത്മ-

മുണർത്തും ഈ പ്രഭയെന്നിൽ ചൊരിഞ്ഞീടേണേ..

 

നസ്സിൽ ഞാൻ നിനച്ചീടും അപരാധങ്ങളെ,

തുമ്പിക്കരം കൊണ്ട് തടുക്കേണേ ശിവസുതനേ..

മിഴിക്കുള്ളിൽ നിറഞ്ഞീടും ഇരുൾനീക്കി അടിയനിൽ,

അറിവിന്റെ വെളിച്ചമിന്നരുളീടേണേ..


ശിഥിലമെൻ മനസ്സിന്നു അവിടുത്തെ പദങ്ങളാ-

ണഭയമീ അഖിലത്തിൽ ലയിക്കും വരെ..

ദിനവും ആ തിരുമാറിൽ അണിയിക്കാൻ മലർ മാല്യം,

കൊരുത്തീടാനൊരുഭാഗ്യം കനിഞ്ഞീടേണേ.. 


വാരിദം ജലധാരതൂകും പോലെയാ പുഞ്ചിരികാണും,

നേരമാരും പരിസരം മറന്നുപോകും..

വെൺതിങ്കൾകലാധരതനയന്റെ കുസൃതിക-

ണ്ടീഗിരിജാ ദേവിപോലും ചിരിച്ചിട്ടില്ലേ..


ഥാക്രമമവിടുത്തേക്കടയും മോദകങ്ങളും,

പഴവും പാൽ പ്രഥമനുമൊരുക്കിടാം ഞാൻ..

മടികൂടാതടിയന്റെ അരികിലൊന്നണയണേ,

അനുഗ്രഹിക്കണേ വിഘ്‌നമൊടുക്കും നാഥാ..


ഗണപതി ജയ ജയ, ഗജവകത്രാ ജയ ജയ,

ഗണനാഥാ മൂഷികവാഹനാ തൊഴുന്നേൻ..

സർവ്വവിഘ്‌ന ദാഹകാ നൽ-ധർമ്മ മാർഗ്ഗ പ്രദായകാ,

ദേവദേവ സുതാ ദേവാ വണങ്ങിടുന്നേൻ..!


..

Sunday, June 20, 2021

ഒടുവിലായ്‌..




















ഇനിയുമോർമ്മകളെഴുതിയ വാനിൽ,
കിളികളായ് നാം പാറുകയില്ല..
ഒരു ചിരാതിൻ അരികിലിരിക്കാൻ,
പ്രണയരാശലഭങ്ങളുമല്ല..

നിനവു നെയ്ത നിറങ്ങളുറങ്ങും,
വനികയിൽ നാം വിടരുകയില്ല..
നറുനിലാവൊളി പെയ്തുപരക്കും,
നദികളിൽ കുളിരോളവുമല്ല..

പ്രണയമിന്നുമിരുട്ടിലൊളിക്കും
നിഴലുപോലലയുന്ന മനസ്സിൽ,
ഒരു തരി ച്ചെറുവെട്ടമുതിർക്കാൻ,
ഇനിയുമെന്നിൽ വാക്കുകളില്ല..!

Tuesday, July 7, 2020

ഒരു ഓണപ്പാട്ട്..

മാവേലി മന്നന്‍ വാഴും മലനാട്..
മലയാളം ചെഞ്ചുണ്ടില്‍ ചേരും ഇതുകേരളനാട്..!
മാലോകര്‍ ഒന്നായ്മേവും ഒരു വീട്..
സമരായ് സ്നേഹകരങ്ങള്‍ കൊരുക്കും ഒരു സ്നേഹക്കൂട്..!

പൊന്‍ ചിങ്ങക്കുളിരില്‍ മുങ്ങും, മലരെങ്ങും ചന്തം ചിന്തും,
ചേലോലും ചായം പൂശും ചെറുകിളിതന്‍ പാട്ടും...!
വെണ്‍മേഘത്തോപ്പിലൊളിക്കും, കതിരോനും കനകം വിതറും-
വരിനെല്ലിന്‍ കതിരും ചേരും അഴകിന്‍ പൂക്കാലം..!

പൂവിളിയും പുലരൊളിയും പൂക്കളമെഴുതും കാലം..
ഇടനെഞ്ചില്‍ താളം മുറുകും വള്ളം കളിമേളം..!

(മാവേലിമന്നന്‍ വാഴും..)

" ഓണപ്പാട്ടില്‍ താളം തുള്ളും തുമ്പപ്പൂവേ.. നിന്നെ തഴുകാനായ് കുളിര്‍ക്കാറ്റിന്‍ കുഞ്ഞിക്കൈകള്‍ ..!
 ഓണവില്ലില്‍ ഊഞ്ഞാലാടും വണ്ണാത്തിക്കിളിയേ.. നിന്നെ പുല്‍കാനായ് 
കൊതിയൂറും മാരിക്കാറും.."

തെയ് തെയ് .. തക തെയ് തെയ് .. തക തെയ് തെയ് .. തക തെയ് തെയ് ..

ഇലയിട്ടിന്നെല്ലാരും ചേര്‍ന്നൊരുപോലെ ഉണ്ണും സ്നേഹം..!
മാവേലിത്തമ്പ്രാൻ ഓലക്കുടചൂടി എത്തുന്നേരം..
തിരുമുറ്റം നിറയും വർണ്ണപ്പൂക്കളുമാവേശം-
തിരതല്ലും ഓണപ്പാട്ടും വരവേൽപ്പിനുവേണം..!

പുലികളിയും തിരുവാതിരയും, പട്ടുചേല ചുറ്റും പകലും..(2)
മലയാളക്കരയെപ്പുണരും പൊന്നോണക്കാലം..
മാനമാകെ ഹർഷം ചൊരിയും വർഷധ്വനിമേളം..!

(മാവേലിമന്നന്‍ വാഴും..)



...

Thursday, July 2, 2020

അറിയാതെ..



















വെൺ മഴത്തൂവലാലെന്നെയാരോ 
കിനാവിൽ ഉണർത്തീടവേ..
നിൻ വിരൽസ്പർശമായെന്നിലീറൻ
കുളിർമഞ്ഞു പെയ്‌തീടവേ..
പ്രണയം ചൂടുമീ പനിനീർപ്പൂക്കളായ് 
അറിയാതെ വിടർന്നെന്നിൽ നീ..
മിഴി പൂട്ടുമ്പൊഴും മൊഴിയോർക്കുമ്പോഴും,
ഹൃദയത്തിൻ തുടിപ്പായി നീ..

(വെൺ മഴത്തൂവലാലെന്നെ..)

ചേർന്നിരുന്ന പല നാളുകൾ,
മിഴികളീറനോടെയോർക്കേ..
നീ വരാ വഴിയിലേകനായി ഞാൻ,
ഏറെ ദൂരെ നിൽക്കേ..
...
അരികെ... പുണരും കാറ്റിലും..
തിരയും.. ഞാൻ നിൻ ഗന്ധമെൻ,
സ്‌മൃതിയാഴങ്ങളിൽ നേർത്ത നാളങ്ങളായ് നാം-
കുറിച്ചിട്ട മോഹങ്ങൾ മായും വരെ....

(വെൺ മഴത്തൂവലാലെന്നെ..)

ഓർമ്മകൾ ദൂരെ മായ്കിലും,
സ്നേഹ ശോഭയോടെയെന്നും..
പെയ്തിടും മൗന ധാരയായ്,
വർഷ സന്ധ്യകൾ നമുക്കായ്..
...
ഒഴുകും.. നിമിഷങ്ങൾ അതിൽ..
നിറയും.. പുതുവർണ്ണങ്ങളായ്
തിരികെ എന്നിലെത്താൻ കൊതിക്കുന്നു ഞാൻ-
നമ്മളൊന്നായൊരാ നാളുകൾ...

(വെൺ മഴത്തൂവലാലെന്നെ..)


...

മഴ നനഞ്ഞവര്‍ ... :)
------------------------------------------